Thursday, October 17, 2024
National

അഴിമതിക്കേസുകൾ അട്ടിമറിക്കാൻ അര കോടി കൈക്കൂലി നൽകി; പഞ്ചാബ് മുൻമന്ത്രി അറസ്റ്റിൽ

അഴിമതിക്കേസുകളിൽ നിന്ന് രക്ഷിക്കാൻ വിജിലൻസ് ബ്യൂറോയ്ക്ക് അര കോടി കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ മുൻ പഞ്ചാബ് മന്ത്രി സുന്ദർ ഷാം അറോറ അറസ്റ്റിൽ. പഞ്ചാബ് മുൻ മന്ത്രി സുന്ദർ ഷാം അറോറ ഇന്നലെ രാത്രി വൈകിയാണ് വിജിലൻസ് ബ്യൂറോയുടെ പിടിയിലായത്. വാർത്താ സമ്മേളനത്തിലാണ് വിജിലൻസ് മേധാവി മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തിയത്. അറോറയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു സുന്ദർ ഷാം അറോറ.

അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ മൂന്ന് കേസുകളിൽ മുൻമന്ത്രി വിജിലൻസ് അന്വേഷണം നേരിടുകയാണ്. സംഘം രണ്ട് തവണ അറോറയെ ചോദ്യം ചെയ്തു. അന്വേഷണം ശരിയായ ദിശയിൽ നീങ്ങുകയാണെന്നും, തനിക്കെതിരായ ശക്തമായ തെളിവികൾ വിജിലൻസ് ശേഖരിച്ചെന്നും മനസിലാക്കിയ അറോറ കേസ് അന്വേഷിച്ചിരുന്ന എ.ഐ.ജി മൻമോഹൻ സിംഗിന് കൈക്കൂലി നൽകാൻ പദ്ധതിയിട്ടു. ഉദ്യോഗസ്ഥന് ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്യുകയും വീട്ടിലേക്ക് പണം എത്തിക്കുമെന്നും പറഞ്ഞു.

എ.ഐ.ജി മൻമോഹൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. വിഷയം ഉടൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ കെണിയൊരുക്കി പിടികൂടാൻ പദ്ധതിയിട്ടത്. അമ്പത് ലക്ഷം രൂപയുമായി മുൻ മന്ത്രിയോട് സിരാക്പൂരിലെ കോസ്മോ മാളിൽ എത്താൻ ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകി. പണവുമായി എത്തിയ മുൻമന്ത്രിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനിടെ രണ്ട് സർക്കാർ സാക്ഷികളെയും ഹാജരാക്കി. ഇതോടൊപ്പം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുൻമന്ത്രിയുടെ അറസ്റ്റാണിത്. നേരത്തെ ക്യാപ്റ്റൻ സർക്കാരിൽ മന്ത്രിമാരായിരുന്ന സാധു സിംഗ് ധരംസോട്ട്, ഭരത് ഭൂഷൺ ആഷു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.