‘മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആശങ്കയുണ്ട്’; പ്രധാനമന്ത്രിയെ തള്ളി ആര്‍എസ്എസ് നേതൃത്വം
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തള്ളി ആര്‍എസ്എസ് നേതൃത്വം. മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടുത്തെ സാഹചര്യം പ്രവര്‍ത്തകര്‍ അറിയിച്ചെന്നും മന്‍മോഹന്‍ വൈദ്യ പുണെയില്‍ നടക്കുന്ന ആര്‍എസ്എസ് യോഗത്തില്‍ പറഞ്ഞു.
രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണ്, സമാധാനം പുനഃസ്ഥാപിക്കും. ഇതായിരുന്നു പാര്‍ലമെന്റില്‍ പ്രതിപക്ഷം മുന്നോട്ടുവച്ച അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ ഖണ്ഡിക്കുന്നതാണ് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുടെ മണിപ്പൂര്‍ വിഷയത്തിലെ പ്രതികരണം. മണിപ്പൂരിലേത് മുറിവേല്‍പ്പിക്കുന്ന സാഹചര്യമാണെന്നും സംഘര്‍ഷത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത് എന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
മെയ്തി -കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംസ്ഥാനത്തുള്ളതെന്നും പ്രദേശത്തെ പ്രവര്‍ത്തകരാണ് ഈ വിവരം അറിയിച്ചതെന്നും മന്‍മോഹന്‍ വൈദ്യ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെ സംഘര്‍ഷം അതീവ ഗൗരവകരമെന്നും പ്രധാനമന്ത്രി സംസ്ഥാനത്ത് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്രതിപക്ഷം ഒന്നടങ്കം ആവര്‍ത്തിക്കുന്ന സമയത്താണ് ബിജെപിയെ ആകെ പ്രതികൂട്ടിലാക്കി കൊണ്ട് ആര്‍എസ്എസും മണിപ്പൂര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ചത്. ആര്‍എസ്എസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിന് നേരെയുള്ള ആയുധമാക്കിയേക്കും.