Saturday, October 19, 2024
Kerala

നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് സെലക്ഷന്‍ ട്രയല്‍സ്; കേസെടുത്ത് പൊലീസ്

നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബാലുശ്ശേരിയില്‍ സെലക്ഷന്‍ ട്രയല്‍സ്. കിനാലൂരിലെ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ട്രയല്‍സ് നിര്‍ത്തിവച്ചു. സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 24 വരെ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി ഒഴിവാക്കണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഇത് ലംഘിച്ചാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കിനാലൂരിലെ ഉഷ സ്‌കൂളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തിയത്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ മുന്നോടിയായാണ് ട്രയല്‍സ്. നൂറുകണക്കിന് കായികതാരങ്ങളും രക്ഷിതാക്കളും കോച്ചുകളും ഇവിടേക്ക് എത്തി. നാട്ടുകാര്‍ ഇടപെട്ടതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമായി.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ട്രയല്‍സ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. സംഘാടകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.
അതേസമയം,കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് ട്രയല്‍സ് നടത്തിയത് എന്നാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ വിശദീകരണം.

Leave a Reply

Your email address will not be published.