Saturday, April 12, 2025
National

മണിപ്പൂര്‍ സംഘര്‍ഷം: കുക്കി നേതാക്കളുമായി ചര്‍ച്ച ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

മണിപ്പൂര്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മണിപ്പൂരിലെ കുക്കി വിഭാഗത്തിലെ നേതാക്കളുമായി ചര്‍ച്ച ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയ പ്രശ്‌നപരിഹാരത്തിന് സമാധാനം ഉറപ്പാക്കാന്‍ ചര്‍ച്ചയിലൂടെ നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മണിപ്പൂര്‍ ട്രൈബല്‍ ഫോറം നേതാക്കളുമായി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാര്‍ ദേക ആണ് ചര്‍ച്ച നടത്തിയത്. ഡല്‍ഹിയിലാണ് ചര്‍ച്ച നടന്നത്. കുട്ടികള്‍ക്കെതിരായ എല്ലാ കേസുകളിലും കര്‍ശന നടപടിയെടുക്കാം എന്ന് ചര്‍ച്ചയില്‍ ഉറപ്പും നല്‍കിയിട്ടുണ്ട്.

അതിനിടെ മണിപ്പൂരില്‍ ഇന്നലെ ഏറെ വൈകിയും സംഘര്‍ഷം തുടരുന്ന സ്ഥിതിയാണുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു പൊലീസ് കമാന്‍ഡോയും വിദ്യാര്‍ത്ഥിയും അടക്കം നാലുപേര്‍ മരിച്ചു. ബിഷ്ണുപൂരില്‍ പലയിടത്തായാണ് സംഘര്‍ഷം ഉണ്ടായത്. മോറിയാങ് തുറേല്‍ മപനില്‍ അക്രമികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരന്‍ മരിച്ചത്.

ബിഷ്ണുപൂര്‍, ചുരചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. മേഖലയില്‍ നിരവധി പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. പലയിടത്തും സായുധരായ അക്രമി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *