‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതി യോഗം 23ന്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കുന്ന പ്രത്യേക സമിതിയുടെ ആദ്യ യോഗം ഈ മാസം 23ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ സമിതിയുടെ യോഗം.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അജണ്ടയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍. നയപരമായി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും. ഭരണഘടന ഭേദഗതി വരുത്തേണ്ടത് കൊണ്ട് തന്നെ സംസ്ഥാനങ്ങളോട് അഭിപ്രായം തേടും.
മുന്‍ രാഷ്ട്രപതിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ്, എന്‍ കെ സിംഗ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലുള്ളത്. ഉന്നത സമിതിയുടെ യോഗത്തില്‍ കേന്ദ്ര നിയമ മന്ത്രി പ്രത്യേക ക്ഷണിതാവാവും. നിയമകാര്യ സെക്രട്ടറി നിതിന്‍ ചന്ദ്രയും പങ്കെടുക്കും. നിതിന്‍ ചന്ദ്ര ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ്.
2018 ലോ കമ്മീഷന്‍ നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക. ഭരണഘടനയിലെ നിലവിലെ ചട്ടപ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ സമിതി അന്ന് നിരീക്ഷിച്ചത്. 50 % സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് പ്രാവര്‍ത്തികമായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കാനാണ് സാധ്യത.