‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; കേന്ദ്ര നീക്കത്തെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്
കേന്ദ്ര നീക്കത്തെ പിന്തുണച്ച് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എസ് സിംഗ് ദിയോ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ സമിതി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നു. എന്നാൽ ഇതൊരു പുതിയ ആശയമല്ലെന്നും പഴയ ആശയമാണെന്നും സിംഗ് പ്രതികരിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തോടെ ബിജെപി നീക്കം ശക്തമാക്കുന്നതിനിടെയാണ് ആശയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കും മുമ്പാണ് സിംഗ് ദിയോയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. “വ്യക്തിപരമായി ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇതൊരു പുതിയ ആശയമല്ല, മറിച്ച് പഴയതാണ്” – ഡിയോ പറഞ്ഞു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം പാസാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിൻ്റെ നിര്‍ണായക നീക്കം. ബില്ലിന്റെ സാധുതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബില്ലിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് രൂപം നല്‍കിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതിക്ക് രൂപം നല്‍കിയത്.
അഞ്ച് ദിവസത്തേക്ക് വിളിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ പാസാക്കുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. വര്‍ഷങ്ങളായി ബിജെപി മുന്നോട്ടുവയ്ക്കുന്ന അജണ്ടയാണ് ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക എന്നത്.