പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം അത്ഭുതകരം; അമിത്ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗം അത്ഭുതകരമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച മാർഗങ്ങളിൽ എല്ലാവരോടും അണിചേരാനും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.
പുതിയ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ പ്രസംഗം ഒരോരുത്തരെയും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേത്തിക്കുന്നത് സ്ത്രീകളുടെ ശക്തിയാണ്.അതിനാൽ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളിൽ നിന്ന് ഒഴിവായി സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണം.
രാജ്യത്ത് നടക്കുന്ന അഴിമതികളെ ഇല്ലായ്മ ചെയ്യാൻ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ ജനങ്ങളുടെ ഹൃദയത്തിൽ ദേശസ്നേഹം വളർത്തുകയും ത്രിവർണപതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്‌തു എന്നും അമിത് ഷാ വ്യക്തമാക്കി.