സ്വാതന്ത്ര്യം എന്ന വാക്കിനെ അർത്ഥപൂർണ്ണമാക്കാം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തു.
‘വിമോചനത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാമെന്നും’ അദ്ദേഹം വിശദമാക്കി.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.