തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം
തൃശൂർ മുല്ലശേരി മാനിനക്കുന്നിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
മുല്ലശേരി വാഴപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണനെ (62) ആണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. വാഴപ്പുള്ളി വീട്ടിൽ അയ്യപ്പകുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെ (85) ആണ് ഉണ്ണികൃഷ്ണൻ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയത്.
2020 മാർച്ച് 11നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ വള്ളിയമ്മു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുൻപ് അമ്മയുടെ വായിലേക്ക് വലിയ ടോർച്ച് ബലമായി കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ജയിലിലായിരുന്ന ഉണ്ണികൃഷ്ണനെ വള്ളിയമ്മു തന്നെയാണ് ജാമ്യത്തിലിറക്കിയിരുന്നത്.