സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം: യുവതിയും യുവാവും സ്വയം തീകൊളുത്തി
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം. യുവതിയും യുവാവും സ്വയം തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവമുണ്ടായത്.
സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി എത്തിയ യുവതിയെയും യുവാവിനെയും കവാടത്തിന് സമീപം തടഞ്ഞിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
പോലീസ് വാനിലാണ് യുവതിയെയും യുവാവിനെയും ആശുപത്രിയിലെത്തിച്ചത്. ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. തീകത്തിയതിന് പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് തീയണച്ചത്. ഇരുവരെയും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.