നെയ്യാറ്റിൻകര ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതിമാരിൽ ഭാര്യയും മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി മരിച്ചത്. അമ്പിളിയുടെ ഭർത്താവ് രാജൻ നേരത്തേ മരണപ്പെട്ടിരുന്നു.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ വെച്ചാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.