ഓൺ അറൈവൽ വിസ പുനരാരംഭിച്ചു; ഇന്ത്യയിൽ നിന്നുള്ള ആദ്യ യാത്രക്കാർ ഖത്തറിലെത്തി
ദോഹ: ഖത്തർ അറൈവൽ വിസ പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്നും ആദ്യ യാത്രക്കാർ ഖത്തറിലെത്തി. വ്യാഴാഴ്ച രാത്രിയാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേർ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷം സൗദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ ഓൺ അറൈവൽ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നത്. ഖത്തറിലെത്തി, 14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാമെന്നാണ് ഇവരുടെ പ്രതീക്ഷ. ഗോ മുസാഫിർ ട്രാവൽസ് ആണ് ആദ്യ യാത്രക്കാർക്കുള്ള സൗകര്യം ഒരുക്കിയതെന്ന് എം.ഡി ഫിറോസ് നാട്ടു ഗൾഫ് മലയാളിയോട് പറഞ്ഞു
കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഖത്തർ അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ്റ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ ഓൺഅറൈവൽ യാത്രക്കാരന് നിർബന്ധമാണ്.