‘പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു CPIM നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്’: വി.ഡി.സതീശന്‍
പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു സിപിഐഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ജീര്‍ണതയാണ് സി.പി.ഐ.എം നേരിടുന്നത്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങി. നേരത്തെ ഞങ്ങളെയൊക്കെ ഇവര്‍ എത്ര അപമാനിച്ചതാണ്. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിക്കുകയാണ്. അത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണ്.
അത് അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ കോണ്‍ഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സി.പി.ഐ.എമ്മില്‍ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് തന്നെ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സി.പി.ഐ.എമ്മിലുണ്ടാകും.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
സി.പി.ഐ.എം സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. എന്നിട്ടും മാധ്യമങ്ങള്‍ കാണാതെ പോയത് എന്തുകൊണ്ടാണ്. എ.വി ഗോവിന്ദനും പിണറായി വിജയനും ഇരു ധ്രുവങ്ങളില്‍ നിന്നാണ് സംസാരിച്ചത്. സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തില്‍ യു.ഡി.എഫ് ഇത്തവണ ലീഡ് ചെയ്തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.ഐ.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
തൃശൂരില്‍ ഡി.സി.സി ചുമതല ജില്ലയ്ക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി ഉപസമതി രൂപീകരിച്ചിട്ടുണ്ട്. ഇന്ധനത്തിന് കേളത്തിലുള്ള അത്രയും നികുതി കര്‍ണാടകത്തിലില്ല. നികുതി കൂട്ടിയാല്‍ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിപ്പോള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴിയിലായ സാഹചര്യത്തില്‍ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് പദ്ധതി മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 455000 വീടുകള്‍ വച്ചപ്പോള്‍ ഈ സര്‍ക്കാര്‍ എട്ടു വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തോളം വീടുകള്‍ മാത്രമാണ് വച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.