Wednesday, April 16, 2025
National

തമിഴ്‌നാട്ടിലെ വ്യാജമദ്യവേട്ട; അറസ്റ്റിലായത് 1558 പേര്‍; പിടികൂടിയത് 4720 കുപ്പി വിദേശ മദ്യം

വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര്‍ അറസ്റ്റില്‍. 1842 കേസുകളാണ് വ്യാജ മദ്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന് പൊലിസ് പറഞ്ഞു. ഒരു കാറും ഏഴ് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. അനധികൃതമായെത്തിച്ച 4720 കുപ്പി വിദേശ മദ്യവും പിടികൂടി.

ചെങ്കല്‍പട്ട്, വില്ലുപുരം ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

മരക്കാനം ഇന്‍സ്‌പെക്ടര്‍ അരുള്‍ വടിവഴകന്‍, സബ് ഇന്‍സ്‌പെക്ടര്‍ ദീബന്‍, കോട്ടക്കുപ്പം പ്രൊഹിബിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മരിയ സോഫി മഞ്ജുള, സബ് ഇന്‍സ്‌പെക്ടര്‍ ശിവഗുരുനാഥന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളില്‍ ദുഃഖമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 50,000 രൂപയും നല്‍കാനും അദ്ദേഹം ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *