ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു’: ഗുജറാത്ത് പരാജയത്തിൽ രാഹുൽ ഗാന്ധി
ഗുജറാത്തിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ ജനവിധി പാർട്ടി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ അവകാശങ്ങൾക്കും രാജ്യത്തിന്റെ ആദർശങ്ങൾക്കും വേണ്ടി പോരാടുന്നത് തുടരുമെന്നും രാഹുൽ പ്രതികരിച്ചു.
‘ഗുജറാത്തിലെ ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു. ഞങ്ങൾ പുനഃസംഘടിപ്പിക്കുകയും കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന്റെ ആദർശങ്ങൾക്കും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾക്കുമായി പോരാടുകയും ചെയ്യും’ – രാഹുൽ ട്വീറ്റിൽ കുറിച്ചു.
അതേസമയം ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ നന്ദി അറിയിച്ചു. ‘ഈ നിർണായക വിജയത്തിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഈ വിജയത്തിന് ആശംസകൾ അർഹിക്കുന്നു. പൊതുജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും എത്രയും വേഗം നിറവേറ്റുമെന്ന് ഉറപ്പ് നൽകുന്നു’ – രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.