Tuesday, January 7, 2025
National

തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ: ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്‍

തമിഴ്നാട്ടിലെ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായമായ ‘കലൈജ്ഞർ മകളിർ ഉരുമൈ തിട്ടം’ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.1.63 കോടി പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം ഇവരിൽനിന്ന് അർഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു.

മുൻമുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ പദ്ധതി നടപ്പാക്കാൻ പ്രതിവർഷം 12,780 കോടിരൂപ വേണ്ടിവരും. തമിഴ്‌നാട് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്.

പരിപാടിയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് എ.ടി.എം. കാർഡ് വിതരണം ചെയ്തു. ഉദ്ഘാടനം വെള്ളിയാഴ്ചയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കളിൽ ഒട്ടേറെപ്പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറിത്തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *