മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ നശിപ്പിക്കും’; മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയുടെ നമ്പറിലേക്ക് എട്ട് ഭീഷണി ഫോൺ കോളുകൾ വന്നതായി മുംബൈ പൊലീസ് അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ മുഴുവൻ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി.
സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ഹർകിഷൻദാസ് ഹോസ്പിറ്റലിന്റെ ഡിസ്പ്ലേ നമ്പറിൽ ഇന്ന് രാവിലെയായിരുന്നു കോൾ എത്തിയത്. സംഭവത്തിൽ മുംബൈ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 56 കാരനായ വിഷ്ണു ഭൗമിക് ആണ് പിടിയിലായത്.
ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പ്രാഥമികാന്വേഷണ വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസർക്കാരിന്റെ സുരക്ഷ തുടരാമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.