Monday, January 6, 2025
Top News

തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; 2 താത്കാലിക ജീവനക്കാരെ നീക്കി

തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തിൽ ഉള്ള ബിൽഡിംഗിന് അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്നാണ് കണ്ടെത്തിയത്.
നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ.

ക്രമക്കേടിനെ തുടർന്ന് രണ്ട് താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി. നഗരസഭ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മേയർ എസ്. ആര്യ രാജേന്ദ്രൻ അറിയിച്ചു.

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തലസ്ഥാനത്തും ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥന്മാരെ നിരീക്ഷിക്കാൻ നഗരസഭ ഓർഡർ നൽകി.

കോഴിക്കോട് കോര്‍പ്പറേഷനിൽ നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്. സംഭവത്തില്‍ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *