കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷ വീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി പുറത്ത് കടന്നു. പെരിന്തല്‍മണ്ണ ദൃശ്യവധക്കേസ് പ്രതി വിനീഷാണ് രക്ഷപെട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി ഡിസിപി.
ഇന്നലെ രാത്രിയാണ് ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടന്നത്. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
Read Also: കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്‌നിരക്ഷ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് പോലീസ് നിഗമനം. വാതിലുകള്‍ പൂട്ടുന്നതില്‍ വീഴ്ച പറ്റിയതായും വിവരമുണ്ട്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുതിരവട്ടത്തെത്തി പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. മൂന്നു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുകാരന്‍ പുറത്തു കടക്കുന്നത്. മെയ് 30ന് ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് പുറത്തുകടന്ന തടവുകാരനായ പ്രതി വാഹനാപകടത്തില്‍ മരിച്ചു. പിന്നാലെ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. ആവശ്യത്തിന് സുരക്ഷാ ജീവനക്കാര്‍ പോലുമില്ലെന്ന റിപ്പോര്‍ട്ടുള്‍പ്പെടെ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെയാണ് കുതിരവട്ടത്ത് സുരക്ഷ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത്.