Sunday, April 13, 2025
National

ലോകം വളരണമെങ്കിൽ ഇന്ത്യ വളരണം, ആത്മനിർഭർ ഭാരത് എന്നാണ് രാജ്യം ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി

ലോകം ഇന്ന് ഇന്ത്യയെ ആണ് ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദദ്രമോദി. ലോകത്തിന് വളരണമെങ്കിൽ ഇന്ത്യയും വളർച്ച കൈവരിക്കേണ്ടതുണ്ട്. ഏറ്റവുമധികം യുവജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണ് യുവാക്കൾ.

കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യക്കാർ സ്വാശ്രയത്വത്തിനുള്ള ദൃഢനിശ്ചയം സ്വീകരിച്ചു. ആത്മനിർഭർ ഭാരത് എന്നതാണ് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്‌നം ഒരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടി വരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിർഭർ ഭാരതമെന്നും മോദി പറഞ്ഞു

എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് പൂർത്തിയാക്കുന്നതു വരെ നമ്മൾ വിശ്രമിക്കില്ല. ആത്മനിർഭർ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ട്. എന്നാൽ കോടിക്കണക്കിന് പരിഹാരം നൽകുന്ന ശക്തിയും രാജ്യത്തിനുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ എൻ 95 മാസ്‌കുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാലിന്ന് സ്വന്തം ആവശ്യങ്ങൾ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ കൂടി നിറവേറ്റുന്ന തലത്തിലേക്ക് ഇന്ത്യ മാറി. നമ്മുടെ തദ്ദേശീയ ഉത്പന്നങ്ങളെ നമ്മൾ അഭിനന്ദിക്കണം. ഇന്ത്യയുടെ ഉപഭോഗത്തിനുള്ളത് ഇവിടെ തന്നെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും വേണം.

രാജ്യത്തെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ നൽകുന്നതിനായി ഒരു ലക്ഷം കോടിയുടെ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. സ്വയം പര്യാപ്ത കാർഷിക മേഖലയും സ്വയം പര്യാപ്ത കർഷകനുമാണ് ആത്മനിർഭർ ഭാരതിന്റെ മുഖ്യ പരിഗണനയെന്നും മോദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *