ആൻമേരി കൊലപാതകം: ആൽബിന്റെ കാമുകിയുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും
കാസർകോട് ബളാലിലെ ആൻമേരി കൊലപാതക കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് പോലീസ്. മരിച്ച ആൻമേരിയുടെയും പ്രതി ആൽബിന്റെയും പിതാവ് ബെന്നി ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. ആൻമേരിയെ ഐസ്‌ക്രീമിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയത് ആൽബിനാണെന്ന് ഇന്നലെയാണ് ബന്ധുക്കൾ ചികിത്സയിൽ കഴിയുന്ന ബെന്നിയെ അറിയിച്ചത്
ആൽബിൻ നിലവിൽ കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാൻഡിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും സാഹചര്യത്തെ കുറിച്ചും കൂടുതൽ തെളിവുകളും അന്വേഷണവും പോലീസിന് ആവശ്യമാണ്. വിഷം ചേർത്ത ഐസ്‌ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ ബെന്നിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അശുപത്രി അധികൃതർ അറിയിച്ചു. ഇയാളെ തിങ്കളാഴ്ച ഡിസ്ചാർ് ചെയ്യും
കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന സൂചനയാണ് പോലീസ് നൽകുന്നത്. ആൽബിന്റെ സുഹൃത്തുക്കളുടെയും കാമുകിയുടെയും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൊലപാതക വിവരം ഇവരോട് പങ്കുവെച്ചിരുന്നോ എന്നതാണ് പരിശോധിക്കുന്നത്.