മങ്കിപോക്സ്: കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ
കോട്ടയം: മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്ന് ഡിഎംഒ അറിയിച്ചു.
അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്തിൽ സമ്പർക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തണം. രോഗിയുമായി സമ്പർക്കം ഉണ്ടായ 16 പേർ സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നുണ്ട്.