Friday, January 10, 2025
National

മദ്യ നിരോധനം നടപ്പാക്കാനുള്ള ധൈര്യം തനിക്കില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

തനിക്ക് മദ്യ നിരോധനം നടപ്പാക്കാനുള്ള ധൈര്യമില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അഭിപ്രായപ്പെട്ടു. റായ്പൂരിലെ പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയ കേന്ദ്രമായ ശാന്തി സരോവറിൽ ‘നശമുക്ത് ഛത്തീസ്ഗഢ് അഭിയാൻ’ എന്ന കാമ്പയിനിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ബാഗേൽ.

കൊറോണയെത്തുടർന്നു ലോക്ക്ഡൗൺ സമയത്ത് ഔട്ട്‌ലെറ്റുകൾ അടച്ചതിന് ശേഷം വ്യാജ മദ്യവും മറ്റ് ലഹരി വസ്തുക്കളും കഴിച്ച് കുറെയധികം മരണങ്ങൾ സംഭവിച്ചതിനാൽ സംസ്ഥാനത്ത് മദ്യം നിരോധിക്കാനുള്ള ധൈര്യം തനിക്ക് നഷ്ടപ്പെട്ടുവെന്ന് ഭൂപേഷ് ബഘേൽ പറഞ്ഞു. ആളുകൾക്ക് മദ്യം ലഭിക്കാതെ വന്നപ്പോൾ, അവർ സാനിറ്റൈസർ പോലും കഴിക്കുകയുണ്ടായി. ഇത് മൂലം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ജീവൻ നഷ്ടപ്പെടുത്തുന്ന ഒന്നും നടപ്പാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രശംസനീയമായ സംരംഭമാണ് പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയ കേന്ദ്രത്തിന്റെ ‘നശമുക്ത് ഛത്തീസ്ഗഢ് അഭിയാൻ’ എന്ന കാമ്പയിൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിനെ ലഹരി വിമുക്തമാക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ലഹരിയോടുള്ള ആസക്തി സാധാരണയായി ചെറുപ്പം മുതലേ തുടങ്ങുന്നു. ആദ്യം ഒരു ലഹരിയായി പുകവലി ആരംഭിക്കുകയും ക്രമേണ അത് ഒരു ശീലമായി മാറും. സമ്മർദ്ദം കൂടുന്നതിനനുസരിച്ച് അവർ സിഗരറ്റ് കൂടുതലായി വലിക്കാൻ തുടങ്ങുന്നു.

ശമനമുണ്ടായില്ലെങ്കിൽ, വൈകുന്നേരങ്ങളിൽ മദ്യപാനത്തിലേക്ക് കടക്കുന്നു. ഒടുവിൽ ആശുപത്രിയിലേക്കും. ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥ ഒരു തരത്തിലും നല്ലതല്ല. അത് ദോഷമേ വരുത്തൂ. ശാരീരികമായും മാനസികമായും നമുക്കെല്ലാവർക്കും ലഹരി വളരെ ദോഷകരമാണ്, ബഘേൽ പറഞ്ഞു. വിവിധങ്ങളായ ലഹരിയെ ആശ്രയിക്കുന്ന വ്യക്തികൾക്ക് ലഹരിയോടുള്ള ആസക്തി ഇല്ലാതാക്കാൻ ഡി അഡിക്ഷൻ സെന്ററുകൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ ഈ സാമൂഹിക തിന്മ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാരാണ് കൂടുതലായി ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ മദ്യ നിരോധനത്തെ അനുകൂലിക്കുന്നത് സ്ത്രീകളാണ് എന്ന് ഭൂപേഷ് ബാഗേൽ വ്യക്തമാക്കി.

2018 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, മദ്യം നിരോധിക്കാൻ സ്ത്രീകളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. തുടർന്ന്, തെരഞ്ഞെടുപ്പോപ് വാഗ്ദാനമായി മദ്യ നിരോധനം ഞങ്ങൾ മുന്നോട്ട് വെച്ചതായി ഭൂപേഷ് ബാഗേൽ അറിയിച്ചു. തുടർന്ന്, വിഷയത്തെ പറ്റി പഠിക്കാൻ പാർട്ടിയുടെ എംഎൽഎ സത്യനാരായണ ശർമയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപികരിച്ചു. മദ്യ നിരോധനം നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മദ്യ നിരോധനത്തിനെ സ്ത്രീകൾ അനുകൂലിക്കുന്നു. എന്നാൽ, ഗുഡ്ക പോലെയുള്ള പാൻമസാലകൾ നിരോധിക്കുന്നതിന് സ്ത്രീകൾ അനുകൂലിക്കുന്നില്ല. മദ്യത്തിനെതിരെ മാത്രമല്ല, എല്ലാ തരം ലഹരികൾക്ക് എതിരെയും പ്രചാരണം നടത്തണമെന്നും ഭൂപേഷ് ആവശ്യപ്പെട്ടു. മനുഷ്യത്വത്തെ സേവിക്കുന്നതിലും ദൈവത്തെ ആരാധിക്കുന്നതിലും ജനങ്ങൾ ആസക്തി കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *