മതപഠന സ്ഥാപനത്തിൽ 17കാരി മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന സ്ഥാപനത്തിൽ പെൺകുട്ടി മരിച്ചത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. ബീമാപള്ളി സ്വദേശിയായ ആസ്മിയ ലൈബ്രറി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത സംശയിച്ചതിനാൽ ആത്മഹത്യയിലേക്ക് നയിച്ച കരണങ്ങളെക്കുറിച്ചും ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ബീമാപള്ളി സ്വദേശികളായ നാസറുദ്ദീൻ റഹ്മത് ബീവി ദമ്പതികളുടെ മകൾ പതിനേഴു വയസ്സുകാരി ആസ്മിയ മോളെയാണ് കഴിഞ്ഞ ശനിയാഴ്ച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് ആസ്മിയ വീട്ടിൽ വിളിച്ച് തന്നെ കൂട്ടിക്കൊണ്ടു പോകണമെന്നും സ്ഥാപനത്തിൽ തുടരാൻ ആകില്ലെന്നും അറിയിച്ചിരുന്നു. ബന്ധുക്കൾ സ്ഥാപനത്തിലെത്തിയപ്പോൾ മകൾ ശുചി മുറിയിലാണെന്നാണ് അധികൃതർ ആദ്യം പറഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തില ലൈബ്രറി റൂമിൽ ആസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി തൂങ്ങി മരിച്ചത് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരത്തിൽ ഉറപ്പിക്കുന്നു. എന്നാൽ ബന്ധുക്കൾ ദുരൂഹത ഉന്നയിച്ചതിനാൽ ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങൾ ബാലരാമപുരം പൊലീസ് വിശദമായി അന്വേഷിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടി വീട്ടിലേക്കു വിളിച്ചു സ്ഥാപനത്തിൽ തുടരാൻ കഴിയില്ല എന്ന് പറഞ്ഞതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുക. ഇതിനായി പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ അടക്കം വിശദമായി മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.