Thursday, January 23, 2025
National

മുഹമ്മദ് തരിഗാമിയുടെ വീട്ടുതടങ്കൽ; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീം കോടതി

സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. കുൽഗാമിൽ നിന്ന് നാല് തവണ എംഎൽഎയായ തരിഗാമിയെ 2019-ല്‍ വീട്ടു തടങ്കലില്‍വച്ചത് അനധികൃതമാണെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്കയും ജസ്റ്റിസ് രാജേഷ് ബിന്ദലും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നൽകണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. തരിഗാമിയെ വിട്ടയച്ചതിനാൽ ഹർജിയിൽ ഒന്നും നിലനിൽക്കുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ കെ.എം നടരാജ് ബെഞ്ചിനെ അറിയിച്ചു.

എന്നാല്‍ 2019 സെപ്റ്റംബർ 16 ലെ വീട്ടുതടങ്കല്‍ നിയമപരമായിരുന്നോ അല്ലയോ എന്ന് പരിശോധിക്കണമെന്ന് സീതാറാം യെച്ചൂരിയുടെ അഭിഭാഷകൻ ഷദൻ ഫറസത്ത് ആവശ്യപ്പെട്ടു. പണത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടിയല്ല, മറിച്ച് അന്തസുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് വീട്ടുതടങ്കല്‍ നിയമപരമായിരുന്നില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഷദൻ ഫറസത്ത് വാദിച്ചു.

കേസ് ഏപ്രിൽ 18ന് അടുത്ത വാദം കേൾക്കും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് തരിഗാമിയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *