എന്തടിസ്ഥാനത്തിലാണ് വാക്‌സിൻ വില നിശ്ചയിച്ചത്; കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീം കോടതി
കൊവിഡ് വാക്‌സിന്റെ രാജ്യത്തെ വില നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നരേന്ദ്രമോദി സർക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിവിധ വാക്‌സിൻ നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു
വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികളിൽ വ്യക്തത വേണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇതൊരു ദേശീയ പ്രതിസന്ധിയാണെന്നും ഈ ഘട്ടത്തിൽ നിശബ്ദ കാഴ്ചക്കാരനായി നോക്കിനിൽക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് കേന്ദ്രത്തിന് മുന്നിൽ എന്തെങ്കിലും പദ്ധതികളുണ്ടോയെന്നും കോടതി ചോദിച്ചു
ഓക്‌സിജന്റെ നിലവിലെ ലഭ്യതയെ കുറിച്ചും വിശദീകരിക്കണം. സംസ്ഥാന അതിർത്തികൾക്കപ്പുറമുള്ള പ്രശ്‌നങ്ങളിലാണ് ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി.