ഹാത്രാസ് കേസ് ഞെട്ടലുണ്ടാക്കുന്നതെന്ന് സുപ്രീം കോടതി; ശക്തമായ ഇടപെടലുണ്ടാകുമെന്ന സൂചനയുമായി ചീഫ് ജസ്റ്റിസ്
ഹാത്രാസ് കേസ് ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. അനന്യസാധാരണ സംഭവവും ഭീകരവുമാണ് കേസ്. സുഗമമായ അന്വേഷണം ഉറപ്പാക്കും. കോടതിക്ക് ഇടപെടാനാകുന്നത് എന്തെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി
കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിവരങ്ങൾ അറിയിക്കാൻ യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ യുപി സർക്കാർ തടസ്സവാദം ഉന്നയിച്ചില്ല.
കേസിൽ ശക്തമായ ഇടപെടലുണ്ടാകുന്ന സൂചനയാണ് ചീഫ് ജസ്റ്റിസ് നൽകിയത്. പെൺകുട്ടിയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം ആവശ്യമാണോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കുടുംബം ആവശ്യപ്പെട്ടാൽ സീനിയറും ജൂനിയറുമായി പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും കോടതി അറിയിച്ചു
പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് സുപ്രീം കോടതിയിലും യുപി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സംഘർഷമൊഴിവാക്കാനാണ് പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി സംസ്‌കരിച്ചതെന്നും യുപി സർക്കാർ വാദിക്കുന്നു.