കൂനൂർ ഹെലികോപ്ടർ അപകടകാരണം കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം; അട്ടിമറിയോ യന്ത്രത്തകരാറോ അല്ലെന്ന് വ്യോമസേന
ന്യൂഡൽഹി: തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടം അട്ടിമറിയോ യന്ത്രത്തകരാറോ അല്ലെന്നും കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടകാരണമെന്നുെം വ്യോമസേന. സംഭവത്തിൽ അശ്രദ്ധയില്ലെന്നും വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വ്യോമസേന പുറത്തുവിട്ടു.
ഡിസംബർ എട്ടിന് നടന്ന അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നിയും ഉൾപ്പെടെ 14 പേരാണ് മരിച്ചത്. എയർമാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്. ആർമിയിലും നേവിയിലുംനിന്നുള്ള ബ്രിഗേഡിയർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർകൂടിയാണ് സംഘത്തിലുണ്ടായിരുന്നത്.
അപകടസ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്ളൈറ്റ് ഡേറ്റാ റിക്കാർഡറും കോക്പിറ്റ് വോയിസ് റിക്കാർഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്. മൂന്നു സേനകളുടെയും സംയുക്ത സംഘം നടത്തിയ അന്വേഷണം പൂർത്തിയായിരുന്നു.