പ്രഭാത വാർത്തകൾ
🔳 സംസ്ഥാനത്തെ സ്‌കൂളുകള്‍ 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടയ്ക്കും. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതി. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംവിധാനമൊരുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം. രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല.
🔳സിപിഎം ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റി. കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണു തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.
🔳ബിഷപ് ഫ്രാങ്കോയെ കുറ്റമുക്തനാക്കിയ കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം രണ്ടു ദിവസത്തിനകം. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണു കോടതി വിധിന്യായത്തില്‍ പറയുന്നത്. പലതവണയായി ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ ആരോപണവും നിലനില്‍ക്കില്ല. കന്യാസ്ത്രീയും ബിഷപ്പും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാരതര്‍ക്കത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ടതാണ് ബലാല്‍സംഗക്കേസെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്നു വിധിന്യായത്തില്‍ പറയുന്നു.
🔳’ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി. അതില്‍ ഏറെ സന്തോഷമുണ്ടെ’ന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം ചെയ്തെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
🔳കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്‍. ഒരിക്കല്‍ കോടതി വിധിക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജയരാജന്‍ പ്രതികരിച്ചു.
🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരണവുമായി മലയാള സിനിമയിലെ നടിമാര്‍. ‘അവള്‍ക്കൊപ്പം എന്നും’ എന്ന കുറിപ്പോടെ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
🔳സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍. അമേരിക്കയിലേക്കു തിരിക്കുന്നതിനു മുന്‍പു യാത്രപറയാന്‍ കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിള്ച്ച് സംസാരിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
🔳മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയി. 29 നു തിരിച്ചെത്തും. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു ചികില്‍സ.
🔳തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പും പിഎസ്സി പരീക്ഷാ തട്ടിപ്പും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാറശാലയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ബിജെപി ജില്ലയില്‍ നടത്തുന്ന മുന്നേറ്റത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
https://chat.whatsapp.com/EonQ47PrMgO8lxKFtokWSD
🔳പുതുവര്‍ഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ് ഐയ്ക്കെതിരായ നടപടി പിന്‍വലിച്ചു. കോവളത്ത് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിയ സംഭവത്തിലെ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
🔳സിപിഎം പരസ്യമായി ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം നീക്കം നടക്കുമ്പോള്‍ സിപിഎം ചൈനക്കൊപ്പം നില്‍ക്കുന്നത് ഗൗരവതരമായ കാര്യമാണ്. തുടര്‍ച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.
🔳പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, ഭക്തസഹസ്രങ്ങള്‍ ശരണം വിളികളോടെ സായൂജ്യം നേടി. പന്തളം കൊട്ടാരത്തില്‍നിന്ന് എത്തിച്ച തിരുവാഭരണങ്ങള്‍ അണിയിച്ച് അയ്യപ്പനുള്ള ദീപാരാധന തുടങ്ങിയതിനു പിറകേയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്.
🔳കോഴിക്കോട് നാദാപുരം പുറമേരിയില്‍ അമ്മയെയും മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.
🔳വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്കടുത്ത് കപ്പുംതലയിലാണ് സംഭവം. നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ വിളയംകോട് പലേകുന്നേല്‍ സജിയാണു കൊല്ലപ്പെട്ടത്. നിരളത്തില്‍ രാജുവിന്റെ വീട്ടില്‍ ആക്രമണം നടത്തവേയാണ് വീട്ടുകാര്‍ തിരിച്ചാക്രമിച്ചത്.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടശേഷം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പോക്സോ നിയമ പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടുങ്കല്‍ പുന്നക്കുളം സാന്ത്വനം വീട്ടില്‍ സുരേഷിന്റെ മകന്‍ നിഖില്‍ (19) ആണ് അറസ്റ്റിലായത്.
🔳കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ നാഗര്‍കോവില്‍-കോട്ടയം ്(16366), കോട്ടയം-കൊല്ലം (06431), കൊല്ലം – തിരുവനന്തപുരം (06425), തിരുവനന്തപുരം – നാഗര്‍കോവില്‍ (06435). പാലക്കാട് ഡിവിഷനിലെ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍(06023), കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍ – മംഗളൂരു (06477), മംഗളൂരു-കണ്ണൂര്‍ (06478), കോഴിക്കോട് – കണ്ണൂര്‍ (06481), കണ്ണൂര്‍ – ചര്‍വത്തൂര്‍ (06469), ചര്‍വത്തൂര്‍-മംഗളൂരു (06491), മംഗളൂരു-കോഴിക്കോട് (16610) എന്നിവയാണു റദ്ദാക്കപ്പെട്ട ട്രെയിനുകള്‍.
🔳വിഴിഞ്ഞത്തെ മുല്ലൂരില്‍ വീടിന്റെ മച്ചിനു മുകളില്‍ സ്ത്രീയുടെ ജഡം. ശാന്തകുമാരി എന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അയല്‍വാസികളായിരുന്ന റഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ പിടിയിലായി.
🔳ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ മുംബൈയില്‍നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരി സ്വദേശിയില്‍ നിന്നു ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത അസം സ്വദേശികളായ ഹബീബുല്‍ ഇസ്ലാം, ബഷ്റുല്‍ അസ്ലം എന്നിവരെയാണ് പിടികൂടിയത്. മാസം 35,000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
🔳പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. പുലികുട്ടികളെ കണ്ടെത്തിയ വീടിനു സമീപത്തെ സൂര്യ നഗറില്‍ പുലി ചുറ്റിക്കറങ്ങിയതു നാട്ടുകാരാണ് കണ്ടത്. ഉമ്മിനിയിലെ വീട്ടില്‍ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞ് വനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
🔳കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശികളായ ഭര്‍തൃമതികളായ രണ്ടു സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ ഡിസംബര്‍ 26 ന് രാത്രി നാടുവിടുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം ബി.എസ്. മന്‍സില്‍ ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട് കുറ്റാലത്തെ റിസോര്‍ട്ടില്‍നിന്നു പിടിയിലായത്.
🔳കര്‍ണാടകത്തിലെ മുന്‍ മന്ത്രിയും മലയാളിയുമായ ജെ. അലക്സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്നു.
🔳കേന്ദ്ര ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനം തുടങ്ങുക. ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
🔳വിവാഹിതരായ ഹിന്ദു യുവാക്കള്‍ക്കു കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് മിലിന്ദ് പരാണ്ഡെ. ഹിന്ദു സമൂഹം ജനസംഖ്യയില്‍ കുറഞ്ഞുവരികയാണ്. ഇതു നിലനില്‍പ്പിന് തന്നെ ഭീഷണിയായെന്നും പരാണ്ഡെ മധ്യപ്രദേശില്‍ പ്രസംഗിക്കവേ പറഞ്ഞു. വിഎച്ച്പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തിലായിരുന്നു ഈ ഉദ്ബോധനം.
🔳ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നു രാജിവച്ച് എത്തിയ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ക്കു സമാജ് വാദി പാര്‍ട്ടി നല്‍കിയ സ്വീകരണ സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 2,500 പേര്‍ക്കെതിരേയാണു കേസെടുത്തത്.
🔳ഉത്തര്‍പ്രദേശില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപി വിട്ടുപോകുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് ദളിത് സ്നേഹപ്രകടനം. ബിജെപി ദളിത് വിരുദ്ധരാണെന്ന് ആരോപിച്ചാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. സ്വന്തം മണ്ഡലമായ ഗൊരഖ്പുരിലെ വോട്ടറുടെ വീട്ടിലെത്തിയാണ് ആദിത്യനാഥ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
🔳ഉത്തരകൊറിയയുടെ ഹാക്കര്‍ ആര്‍മി കഴിഞ്ഞവര്‍ഷം ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ ഏഴ് ആക്രമണങ്ങള്‍ നടത്തി നാലായിരം ലക്ഷം ഡോളര്‍ കൈക്കലാക്കി. ബ്ലോക്ക്‌ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ ആരോപണം.
🔳ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനമര്‍ദംമൂലം മഴയ്ക്കു സാധ്യത. മുസന്ദം ഗവര്‍ണറേറ്റിലും നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
🔳കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപിടിത്തം. നാഷണല്‍ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി പ്ലാന്റിലാണു തീപിടിച്ചത്. രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.
🔳ഒരേസമയം ഒരേ റണ്‍വേയില്‍നിന്ന് രണ്ടു വിമാനങ്ങളുടെ ടേക്ക് ഓഫ്. രണ്ടു വിമാനങ്ങളും ഒരേ റണ്‍വേയിലേക്കു കടക്കുന്നതിനു തൊട്ടുമുമ്പ് ടേക്ക് ഓഫ് പിന്‍വലിച്ചു. ദുബായില്‍നിന്ന് ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവ- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഹെര്‍നാന്‍ സന്റാനയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാല്‍ അയ്‌റാം കബ്രേറയുടെ ഗോള്‍ ഗോവയ്ക്ക് സമനില സമ്മാനിച്ചു.
🔳ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം. വാണ്ടറേഴ്സിന് പിന്നാലെ കേപ്ടൗണിലും ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടു. വിജയലക്ഷ്യമായ 212 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍, ദക്ഷിണാഫ്രിക്ക നാലാം ദിനത്തില്‍ അടിച്ചെടുത്തു. ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാന്‍ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.
🔳കേരളത്തില്‍ 68,971 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16,338 പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,848 പേര്‍ രോഗമുക്തി നേടി. ഇതോടെ 76,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240.
🔳രാജ്യത്ത് ഇന്നലെ രണ്ടര ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 43,211 പേര്‍ക്കും കര്‍ണാടകയില്‍ 28,723 പേര്‍ക്കും തമിഴ്നാട്ടില്‍ 23,459 പേര്‍ക്കും പശ്ചിമബംഗാളില്‍ 22,645 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 16,016 പേര്‍ക്കും ഡല്‍ഹിയില്‍ 24,383 പേര്‍ക്കും ചത്തീസ്ഗഡില്‍ 6,143 പേര്‍ക്കും രാജസ്ഥാനില്‍ 10,307 പേര്‍ക്കും ഗുജറാത്തില്‍ 10,019 പേര്‍ക്കും ഹരിയാനയില്‍ 8,841 പേര്‍ക്കും ബീഹാറില്‍ 6,541 പേര്‍ക്കും പഞ്ചാബില്‍ 7,642 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു
🔳ആഗോളതലത്തില്‍ ഇന്നലെയും മുപ്പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ് ലക്ഷത്തിന് മുകളിലും ഇംഗ്ലണ്ടില്‍ 99,652 പേര്‍ക്കും ഫ്രാന്‍സില്‍ 3,29,371 പേര്‍ക്കും തുര്‍ക്കിയില്‍ 67,857 പേര്‍ക്കും ഇറ്റലിയില്‍ 1,86,253 പേര്‍ക്കും ജര്‍മനിയില്‍ 80,080 സ്പെയിനില്‍ 1,62,508 പേര്‍ക്കും അര്‍ജന്റീനയില്‍ 1,39,853 പേര്‍ക്കും ആസ്ട്രേലിയയില്‍ 1,34,508 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 32.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.29 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,966 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,708 പേരും റഷ്യയില്‍ 739 പേരും ഇറ്റലിയില്‍ 360 പേരും പോളണ്ടില്‍ 423 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.46 ലക്ഷമായി.
🔳ലോകത്തെ ഏറ്റവും മികച്ച അഞ്ച് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗ് ഹബ്ബിലൊന്നായി ബാംഗളൂര്‍. 2021 ല്‍ 18.6 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബാംഗളൂര്‍ നേടിയത്. 100.9 ശതകോടി ഡോളര്‍ നിക്ഷേപവുമായി സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ന്യൂയോര്‍ക്ക് (47.5 ശതകോടി ഡോളര്‍), ഗ്രേറ്റര്‍ ബ്സോറ്റണ്‍ (29.9 ശതകോടി ഡോളര്‍), ലണ്ടന്‍ (25.5 ശതകോടി ഡോളര്‍) എന്നിവയാണ് ബംഗളൂരിന് മുന്നിലുള്ള മറ്റു നഗരങ്ങള്‍. 13.6 ശതകോടി ഡോളറുമായി ബീജിംഗ് ആറാമതാണ്. 13.4 ശതകോടി ഡോളറിന്റെ നിക്ഷേപം നേടി ഷാങ്ഹായ് ഏഴാമതും 11.1 ശതകോടി ഡോളറിന്റെ നിക്ഷേപവുമായി ബെര്‍ലിന്‍ എട്ടാമതുമാണ്. സിംഗപ്പൂര്‍ (10.4 ശതകോടി ഡോളര്‍), ജക്കാര്‍ത്ത (9.4 ശതകോടി ഡോളര്‍) എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു നഗരങ്ങള്‍.
🔳ഇലക്ട്രോണിക്സ് റിവേഴ്‌സ് കൊമേഴ്സ് സ്ഥാപനമായ യാന്ത്രയെ ഏറ്റെടുത്ത് ഇ കൊമേഴ്സ് വമ്പനായ ഫ്‌ലിപ്പ്കാര്‍ട്ട്. പഴയ ടെക്നോളജി ഉല്‍പ്പന്നങ്ങള്‍ റിപ്പയര്‍ ചെയ്ത് വില്‍പ്പന നടത്തുന്ന സംരംഭമാണ് യാന്ത്ര നടത്തുന്നത്. 2013 ല്‍ ജയന്ത് ഝാ, അങ്കിത് സറഫ്, അന്‍മോല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ രൂപകൊണ്ട സ്ഥാപനമാണിത്. സ്മാര്‍ട്ട്ഫോണുകള്‍ക്കായി സമഗ്രമായ സര്‍വീസ് വിഭാഗം ഒരുക്കാന്‍ ഏറ്റെടുക്കലിലൂടെ ഫ്‌ലിപ്പ്കാര്‍ട്ടിന് കഴിയും. ഉല്‍പ്പന്നങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് നവീകരിക്കുന്നതില്‍ യാന്ത്രയ്ക്കുള്ള അനുഭവസമ്പത്ത് ഈ മേഖലയില്‍ ഫല്‍പ്പ്കാര്‍ട്ടിന് പ്രയോജനപ്പെടുത്താനാകും.
🔳ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പില്ലര്‍ നമ്പര്‍.581’. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. ഷിഫ ബാദുഷയുടെ ദിയ എന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സ്പെക്ട്രം മീഡിയയുടെ ബാനറില്‍ മാഗസിന്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദി ഷാന്‍, സക്കീര്‍ ഹുസൈന്‍, അഖില തുടങ്ങിയവരും അഭിനയിക്കുന്നു.
🔳ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹേയ് സിനാമിക’. ബൃന്ദ മാസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്കടക്കമുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ‘ഹേയ് സിനാമിക’ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍. ‘അച്ച മില്ലൈ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനായി പാടിയിരിക്കുന്നതും ദുല്‍ഖറാണ്. റിലീസ് ഫെബ്രുവരി 25നാണ്.
🔳ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്വറി വാഹനമായി മെര്‍സിഡീസ് ബെന്‍സ്. 2021 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഈ ബ്രാന്‍ഡാണ്. 11242 യൂണിറ്റുകളാണ് ഒറ്റ വര്‍ഷം മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 42.5 ശതമാനം അധികമാണിത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് കമ്പനി. ഇന്ത്യയില്‍ തന്നെയാകും ഇത് നിര്‍മിക്കുക. കൂടാതെ പുതിയ എസ് ക്ലാസ് മേബാക്ക് മോഡലും ആകര്‍ഷകമായ ഓഫറുകളോടെ ഇന്ത്യന്‍ വിപണിയലെത്തിക്കും. 2021 ല്‍ ഇ ക്ലാസ് ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മെര്‍സിഡീസ് ബെന്‍സ് മോഡല്‍. ജിഎല്‍സി എസ് യു വി തൊട്ടുപിന്നിലുണ്ട്.
🔳എം.ആര്‍. രാധാമണിയുടെ കവിതകള്‍ കീഴാളജീവിതത്തിന്റെ നേര്‍ ചൊല്ലുകളാണ്. അവയുടെ വക്കില്‍ ചോരയും മിഴിനീരും ചെറിയ ചെറിയ സ്വപ്നങ്ങളുമുണ്ട്. പ്രകൃതിയില്‍നിന്ന് മുളച്ചുപൊന്തുകയും വരേണ്യഭാഷയെ തിരസ്‌കരിച്ച് പുതിയൊരു കാവ്യഭാഷ തേടുകയും ചെയ്യുന്ന കവിതകള്‍. സ്ത്രീ ലോകത്തെ നോക്കിക്കാണുന്ന 48 കവിതകളുടെ സമാഹാരം. ‘പേന്തലയുള്ള പെറ്റിക്കോട്ട്’. ഡിസി ബുക്സ്. വില 117 രൂപ.
🔳രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറില്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. പ്രായമായവരില്‍ ദീര്‍ഘകാല വൈകല്യത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്കുകള്‍. എന്നിരുന്നാലും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഈ രോഗം ഒഴിവാക്കാനാകും. കൊവിഡ് 19 മൂലമുള്ള ജീവിതശൈലി മാറ്റങ്ങള്‍ സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കുന്നു. നാരുകള്‍, കലോറികള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, എന്നിവയുടെ ശരിയായ അനുപാതത്തിലുള്ള സമീകൃതാഹാരം ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ സ്ട്രോക്ക്, മറ്റ് ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നത്. സോഡിയം, ഉപ്പ്, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ്, കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സ്ട്രോക്ക് വരാന്‍ സാധ്യതയുള്ള ആളുകള്‍ മാംസം കഴിക്കുന്നത് നിയന്ത്രിക്കുകയും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുകയും വേണം. അലസമായ ജീവിതശൈലി ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയുയും പേശികളുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ഇല്ലാതാക്കുന്നു. ദിവസവും 15 മിനുട്ട് വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കണം. പുകവലിയും പുകയില വസ്തുക്കളും അമിതമായ മദ്യപാനവും ഹാനികരവും മരണ സാധ്യതയും സ്‌ട്രോക്കിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ അച്ഛനും മകനും ഉത്സവക്കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു. അവിടെ നിന്നും അവര്‍ രണ്ടുപേരും ഓരോ ചെടി വീതം വാങ്ങി. രണ്ടുപേരും തങ്ങളുടെ ചെടിയെ നന്നായി പരിപാലിച്ചു. മകന്‍ ദിവസം മൂന്നു തവണയെങ്കിലും ചെടിയുടെ അരികില്‍ വരും വെള്ളവും വളവും നല്‍കും. അച്ഛന്‍ ഇടയ്ക്ക് മാത്രമാണ് ചെടിയുടെ അരികിലെത്തുക. ഒരു ദിവസം ശക്തമായ കാറ്റും മഴയും വന്നു. മകന്റെ ചെടി വേരോടെ പിഴുതെറിയപ്പെട്ടു. എന്നാല്‍ അച്ഛന്റെ ചെടിക്ക് യാതൊരു കുഴപ്പവും ഉണ്ടായതുമില്ല. കാരണമന്വേഷിച്ച മകനോട് അച്ഛന്‍ ഇങ്ങനെ പറഞ്ഞു: നീ നിന്റെ ചെടിക്ക് വേണ്ടതെല്ലാം സമയാസമയം നല്‍കി. അതു സ്വയം ഒന്നും തേടിയില്ല. അതുകൊണ്ട് അതിന്റെ വേരുകള്‍ക്ക് കരുത്തുണ്ടായിരുന്നില്ല. എന്റെ ചെടിക്ക് ആവശ്യത്തിന് മാത്രമേ വെള്ളവും വളവും ഞാന്‍ നല്‍കിയുള്ളൂ. അതിന് അതിജീവിക്കണമായിരുന്നു. അതുകൊണ്ട് അത് പിടിച്ചു നിന്നു! നമ്മള്‍ ഒരാളൈ താലേലിക്കുമ്പോള്‍ ഇതു കൂടി ഉറപ്പുവരുത്തണം. തന്റേടം നഷ്ടപ്പെടുന്നില്ല എന്ന്. അമിത സംരക്ഷണം ഒരു കുറ്റകൃത്യമാണ്. തനിച്ചുവളരാനും തനിവഴികള്‍ കണ്ടെത്താനും കഴിവുള്ളവരെ ചുറ്റുമതില്‍ കെട്ടി നിര്‍ഗുണരാക്കി തീര്‍ക്കുന്ന പ്രക്രിയ. എവിടെ നിന്നാണോ നിരന്തര സഹായം ലഭിക്കുന്നത് അവിടേക്ക് ഒരു ചായ്വ് ഉണ്ടാകും. അവസാനും അങ്ങോട്ട് തന്നെയായിരിക്കും മറിഞ്ഞ് വീഴുകയും ചെയ്യുക. വളര്‍ത്തുക എന്നതിനേക്കാള്‍ പ്രധാനമാണ് വളരാന്‍ അനുവദിക്കുക എന്നത്. തനിച്ചു രൂപപ്പെടാനും തനതുശൈലിയില്‍ വളരാനും ഏതു ജീവിക്കും കഴിയും. ആ സ്വാഭാവികതയെ കാത്തുസൂക്ഷിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്. എന്തിനെയും രണ്ടുതരത്തില്‍ നശിപ്പിക്കാം. ഒന്നുകില്‍ തച്ചുടച്ച്, അല്ലെങ്കില്‍ ഓമനിച്ച്. ഒരു പോരായ്മയും അനുഭവിച്ചിട്ടില്ലാത്തവര്‍ പിന്നെ എന്തിന് വേണ്ടി പരിശ്രമിക്കും. വേരുകള്‍ നിര്‍മ്മിക്കുന്നതാണ് യഥാര്‍ത്ഥപരിപാലനം. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കാന്‍ അറിയുമെങ്കില്‍ ഇലകളും പൂക്കളും കായ്കളും തനിയെ ഉണ്ടായിക്കൊള്ളും. നമുക്ക് സ്വയം വളരാന്‍ അവരെ അനുവദിക്കാം – ശുഭദിനം.