കുഴലിൽ കുഴൽപ്പണം; പിഡബ്ല്യൂ എൻജിനീയറുടെ വീട്ടിലെ റെയ്ഡിൽ ഞെട്ടി ഉദ്യോഗസ്ഥർ
ബംഗളൂരു:
കർണാടക പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ഞെട്ടി. അനധികൃത പണം ഒളിപ്പിച്ച സംവിധാനം കണ്ടാണ് ഉദ്യോഗസ്ഥർ ഞെട്ടിയത്.
വീടിന്റെ പൈപ്പ് ലൈനിലായിരുന്നു ഉദ്യോഗസ്ഥൻ അനധികൃത പണം ഒളിപ്പിച്ചത്. കൽബുർഗി ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ജോയിന്റ് എൻജിനീയർ ശാന്ത ഗൗഡ ബിരദറുടെ വീട്ടിലായിരുന്നു അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ് നടത്തിയത്. അഴിമതി ആരോപണ വിധേയരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായിരുന്നു നടപടി.
ശാന്ത ഗൗഡ ബിരദറുടെ വീട്ടിൽനിന്ന് 25 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. പ്ലംബറെ എത്തിച്ചാണ് പണം കണ്ടെടുത്തത്.