ആദ്യ ക്യാബിനറ്റിൽ തന്നെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ കോൺഗ്രസ്
ബിജെപിക്കെതിരെ കന്നഡ ജനതയെ സ്വാധീനിച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ കോൺഗ്രസ്. ആദ്യ ക്യാബിനറ്റിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാര്യം.
ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് ഒരളവ് വരെ ഈ പ്രഖ്യാപനങ്ങൾ സഹായകരമായിരുന്നു. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ തുടങ്ങിയവയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം. സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.
അതേസമയം വൻ സാമ്പത്തിക ബാധ്യത വരുന്ന പ്രഖ്യാപനങ്ങൾ മുന്നോട്ട് കൊണ്ടു പോകാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കർണ്ണാടകം പോലെ ഗ്രാമീണ മേഖലകൾ കൂടുതലുള്ള പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയും പ്രശ്നമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് പദ്ധതി നടപ്പാക്കൽ വഴിവയ്ക്കില്ലെന്നാണ് കോൺഗ്രസ് വിശദീകരണം.