ക്ലാസ് മുറികൾ കാവി പൂശുന്നതിന് പകരം കുട്ടികൾക്കായി ആദ്യം ടോയ്‌ലറ്റുകൾ പണിയണം; കർണാടക കോൺഗ്രസ്
സംസ്ഥാന സർക്കാരിന്റെ ‘വിവേക പദ്ധതിയ്‌ക്കെതിരെ’ കർണാടക കോൺഗ്രസ്. ‘സിഎം അങ്കിൾ’ എന്ന ഹാഷ്‌ടാഗോടെ പ്രതിഷേധ പ്രചാരണം ആരംഭിച്ചു. ക്ലാസ് മുറികളിൽ പെയിന്റ് ചെയ്യുന്നതിന് പകരം കുട്ടികൾക്കായി ആദ്യം ടോയ്‌ലറ്റുകൾ നിർമ്മിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് ആവശ്യപ്പെട്ടു. പുതിയതായി നിർമ്മിച്ച ക്ലാസ് മുറികൾക്ക് കാവി നിറത്തിൽ ചായം പൂശുന്നതാണ് വിവേക പദ്ധതി.
‘സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. ശൗചാലയമില്ലാതെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. മുഖ്യമന്ത്രി അങ്കിളേ, സ്കൂൾ കെട്ടിടങ്ങൾക്ക് കാവി പെയിന്റ് ചെയ്യുന്നതിനുമുമ്പ് ആദ്യം ടോയ്‌ലറ്റുകൾ നിർമ്മിക്കൂ, ശുചിത്വമുള്ള കുടിവെള്ളവും കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കുന്ന സൗകര്യങ്ങളും ഞങ്ങൾക്ക് നൽകൂ…’ – കോൺഗ്രസ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ വ്യാവസായിക, ശാസ്ത്ര വിപ്ലവത്തിന് കാരണക്കാരനായ സ്വാമി വിവേകാനന്ദന്റെ പേരിൽ സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്ന പദ്ധതികൾ നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് മുട്ട നൽകുന്ന പദ്ധതി കൃത്യമായി നടപ്പാക്കുന്നില്ല, കുട്ടികൾക്ക് മികച്ച പഠനം ഉറപ്പുവരുത്തുന്നില്ല, എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിക്കാൻ പോകുന്നത്? ക്യാമ്പയിനിലൂടെ കോൺഗ്രസ് ബൊമ്മൈയോട് സ്കൂൾ കുട്ടികൾക്ക് വേണ്ടി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
“വിവേക പദ്ധതി” പ്രകാരം 8,100 ക്ലാസ് മുറികൾ കാവി നിറത്തിൽ പെയിന്റ് ചെയ്യും. ഇതുകൂടാതെ ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാർ പ്രൈമറി, ഹൈസ്കൂൾ, 11, 12 ക്ലാസ് വിദ്യാർത്ഥികൾക്കായി ധ്യാന ക്ലാസുകളും ആരംഭിക്കും.