തെരഞ്ഞെടുപ്പ് തോൽവി; പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കർണാടക ബിജെപി
തെരെഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയായതോടെ പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കർണാടക ബിജെപി. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് സാധ്യത. തെരഞ്ഞടുപ്പ് പരാജയത്തോടെ ജെഡിഎസിലും നേതൃമാറ്റത്തിന് സാധ്യതയുണ്ട്.
അതേസമയം കർണാടകയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആണ് എന്ന തിരക്കിട്ട ചർച്ചയിലാണ് കോൺഗ്രസ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിയമസഭ കക്ഷിയുടെ നിർണായക യോഗം ഇന്ന് ചേരും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ധാരണ ആയെന്നാണ് കോഗ്രസ്സ് ക്യാമ്പിൽ നിന്നും ലഭിക്കുന്ന സൂചന. ഉപമുഖ്യമന്ത്രി പദം നൽകാമെന്ന ഫോർമുലയുണ്ടെങ്കിലും ഡി കെ ശിവകുമാർ അത് ഏറ്റെടുത്തേക്കില്ലെന്നും സൂചനയുണ്ട്.
മുന്നിൽ നിന്നും നയിച്ച വിജയശില്പി എന്ന നിലയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ മുഖ്യമന്ത്രി പദത്തിന് സിദ്ധ രാമയ്യക്ക് അവകാശമുണ്ട്. സാധാരണ ജനങ്ങളുടെ പിന്തുണയുടെ കാര്യത്തിലും ഒരു പടിക്ക് മുകളിലാണ് സിദ്ധരാമയ്യ.
ഉപ മുഖ്യമന്ത്രിപദം എന്ന വാഗ്ദാനം മുന്നിലുണ്ടെങ്കിലും പദവി ഡികെ ശിവകുമാർ ഏറ്റെടുക്കില്ലെന്നും, ആഭ്യന്തരം അടക്കമുള്ള സുപ്രധാന വകുപ്പുകളുമായി മന്ത്രിസഭയിൽ ഉണ്ടാകും എന്നുമാണ് സൂചന.ഇന്നു വൈകിട്ട് 5 30ന് ചേരുന്ന കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിൽ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
ബിജെപിക്കെതിരെ കന്നഡ ജനതയെ സ്വാധീനിച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ കോൺഗ്രസ്. ആദ്യ ക്യാബിനറ്റിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാര്യം.
ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് ഒരളവ് വരെ ഈ പ്രഖ്യാപനങ്ങൾ സഹായകരമായിരുന്നു. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ തുടങ്ങിയവയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം. സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.