മധ്യപ്രദേശിൽ പതിന്നൊന്ന് വയസുകാരനെ വിവസ്ത്രനാക്കി മർദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; പൊലീസ് അറസ്റ്റ്
മധ്യപ്രദേശിലെ ഇൻഡോറിൽ 11 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും മതപരമായ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത ഇരയെ പ്രതികൾ വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും ‘ജയ് ശ്രീറാം, പാകിസ്ഥാൻ മുർദാബാദ്’ എന്ന് വിളിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
സംഭവം വിഡിയോയിൽ പകർത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾക്കാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇൻഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. താൻ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രതികൾ സമീപിച്ചു. ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാൽ വാങ്ങിതരാമെന്നും പ്രതികൾ പറഞ്ഞുവെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
തുടർന്ന് കളിപ്പാട്ടങ്ങൾ വാങ്ങിക്കാനെന്ന വ്യാജേന മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം, പാകിസ്ഥാൻ മുർദാബാദ് എന്ന് വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടി സമ്മതിക്കാത്തതിനാൽ വിവസ്ത്രനാക്കി മർദ്ദിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട് വിവരം വീട്ടിൽ അറിയിച്ചുവെന്നാണ് കുട്ടി പറഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുളള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.