11 കാരനെ തട്ടിക്കൊണ്ടുപോയി, വിവസ്ത്രനാക്കി മർദിച്ച് ശേഷം മത മുദ്രാവാക്യം വിളിപ്പിച്ചു
മധ്യപ്രദേശിൽ 11 വയസുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഇൻഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരയെ വിവസ്ത്രനാക്കി മർദിച്ച ശേഷം നിർബന്ധിച്ച് മത മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇൻഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. സ്റ്റാർ സ്‌ക്വയറിനു സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ കൗമാരക്കാരായ പ്രതികൾ തന്നെ സമീപിച്ചു. ബൈപ്പാസിന് സമീപം നല്ല വിലയ്ക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും വന്നാൽ വാങ്ങിക്കാമെന്നും പ്രതികൾ പറഞ്ഞു.
കളിപ്പാട്ടങ്ങൾ വാങ്ങാനെന്ന വ്യാജേന, മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി മതപരമായ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെ വിവസ്ത്രനാക്കി മർദിക്കാൻ തുടങ്ങി. പ്രതികൾ തന്നെ മർദിക്കുന്നതിന്റെ വീഡിയോ പകർത്താൻ ആരംഭിച്ചു. ഇതിനിടെ ഒരു തരത്തിൽ അവിടെ നിന്നും രക്ഷപ്പെടുകയിരുന്നുവെന്നും ഇര പൊലീസിന് മൊഴി നൽകി.
വീട്ടുകാർ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഉപദ്രവിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് പ്രതികൾക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.