പൂജാരിയെ തുപ്പിയെന്ന് ആരോപണം, യുവതിയെ ക്ഷേത്രത്തിൽ നിന്ന് മർദ്ദിച്ച് പുറത്താക്കി
ബംഗളൂരുവിൽ പൂജാരിയെ തുപ്പിയെന്ന് ആരോപിച്ച് യുവതിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി. സ്ത്രീയെ ക്രൂരമായി മർദ്ദിച്ച ശേഷം മുടിക്ക് പിടിച്ച് പുറത്തേക്ക് തള്ളിയിട്ടതായി NDTV റിപ്പോർട്ട് ചെയ്തു. വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണ് താനെന്നും പ്രതിമയ്ക്ക് അരികിൽ ഇരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ബഹളംവച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 21 നാണ് സംഭവം നടന്നതെങ്കിലും യുവതി അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്പലത്തിൽ എത്തിയ യുവതി വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും വിഗ്രഹത്തിനരികിൽ ഇരിക്കാനും ശ്രമിച്ചു. പൂജാരി തടഞ്ഞതോടെ തുപ്പുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഒരു ക്ഷേത്രജീവനക്കാരൻ യുവതിയെ മർദ്ദിക്കുന്നതും മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.