Sunday, April 13, 2025
National

അദാനി, രാഹുല്‍ വിഷയങ്ങളിൽ പാര്‍ലമെന്‍റ് പ്രക്ഷുബ്ധം, പരാമർശം പിൻവലിക്കും വരെ സഹകരിക്കില്ലെന്ന് കോൺഗ്രസ്

ദില്ലി : അദാനി, രാഹുല്‍ ഗാന്ധി വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമര്‍ശം പിന്‍വലിക്കും വരെ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണിവരെ പിരിഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കുക, അദാനി വിഷയത്തില്‍ ചര്‍ച്ച തുടരുക തുടങ്ങിയ ആവശ്യങ്ങശിൽ ചോദ്യോത്തരവേള തടസപ്പെടുത്തി പ്രതിപക്ഷം ലോക്സഭയില്‍ മുദ്രാവാക്യമുയര്‍ത്തി. ചര്‍ച്ചയില്ലെന്നും സഭ നടപടികള്‍ തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയോതോടെ പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങി.

ഓസ്കാര്‍ ജേതാക്കളെ അഭിനന്ദിച്ചതിന് ശേഷം നടപടികളിലേക്ക് കടന്ന രാജ്യസഭയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണകക്ഷി നേതാവ് മന്ത്രി പിയൂഷ് ഗോയല്‍ ഉന്നയിച്ചു. കഴിഞ്ഞ ദിവസത്തെ വിഷയം ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷം ശബ്ദമുയര്‍ത്തി. രാഹുല്‍ രാജ്യദ്രോഹം നടത്തിയെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പപ്പുവെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷി നേതാക്കള്‍ മുദ്രാവാക്യം വിളിച്ചതിനെയും കോണ്‍ഗ്രസ് അപലപിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ നീക്കം ചെറുക്കുക, അദാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിക്കുക തുടങ്ങിയ അജണ്ടകളുമായി കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇന്നും ഭിന്നത ദൃശ്യമായിരുന്നു. കോണ്‍ഗ്രസിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ടിഎംസിയും ബിആര്‍എസും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പകരം അദാനി വിഷയത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *