Monday, January 6, 2025
National

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

ബംഗളൂരു: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ, ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം പുറംലോകമറിഞ്ഞത് ആറ്മാസത്തിനു ശേഷം. ബംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46) യാണ് ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭര്‍ത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാള്‍ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്

2020 ജൂണ്‍ ഒന്നാം തീയതിയാണ് ശോഭയും രാമുവും ചേര്‍ന്ന് ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയനിലയില്‍ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാല്‍ പോലീസ് മൃതദേഹം മറവുചെയ്യുകയായിരുന്നു.

ശിവലിംഗ വീടിനടുത്ത റോഡരികിലായിരുന്നു ആദ്യം ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാര്‍ഗട്ടയില്‍ പുതിയ ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേര്‍ന്ന് നാട്ടിലെ ഭക്ഷണശാല നോക്കി നടത്താന്‍ തുടങ്ങി. ഈ സമയം ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയും ലോക്ക്ഡൗണ്‍ വന്നതോടെ ബെന്നാര്‍ഗട്ടയില്‍നിന്ന് ശിവലിംഗ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭയുടെ ബന്ധം ശിവലിംഗ തിരിച്ചറിയുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളും പതിവായി. ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.

അതേസമയം, ശിവലിംഗയെ കാണാതായതോടെ തെരഞ്ഞെത്തിയവരോട് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീര്‍ന്നാല്‍ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു.

പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ രാമുവുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് മനസിലായതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ് മാസത്തോളം ആര്‍ക്കും സംശയമില്ലാത്തരീതിയില്‍ ഇവര്‍ കൊലപാതകം മറച്ചുവെച്ചെങ്കിലും പോലീസ് അന്വേഷിച്ചെത്തിയതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. തുടര്‍ന്ന് രണ്ടുപേരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ച പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *