കൊവിഡ്: 24 മണിക്കൂറിനിടെ 104 മരണം, ഡല്‍ഹിയില്‍ ആശങ്ക വര്‍ധിക്കുന്നു; രാജ്യത്ത് ആകെ രോഗികള്‍ 87 ലക്ഷം കടന്നു
ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടിയ പ്രതിദിന മരണം രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 104 പേരാണ് മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ 16ന് 93 പേര്‍ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. പുതുതായി 7,332 പേര്‍ക്ക് വൈറസ് റിപോര്‍ട്ട് ചെയ്യുകയുമുണ്ടായി. ആകെ 4,67,028 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,16,580 പേരുടെ രോഗം ഭേദമായി. 43,116 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഒരുദിവസത്തിനിടെ 6,462 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.
ദേശീയ തലസ്ഥാനത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 11.71 ശതമാനവും ദേശീയ ശരാശരി 3.8 ശതമാനവുമാണ്. ഒക്ടോബര്‍ എട്ടിന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കിയ റിപോര്‍ട്ടില്‍ ശൈത്യകാലത്ത് 15,000 വരെ വൈറസ് കേസുകള്‍ ഡല്‍ഹിയിലുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശൈത്യകാലം അടുക്കുന്തോറും ദേശീയ തലസ്ഥാന മേഖലയില്‍ വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമാണ്. ഡല്‍ഹിയില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും ആന്റിജന്‍, ആര്‍ടി-പിസിആര്‍ അനുപാതം മെച്ചപ്പെടുത്താനും കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. പുതിയ കണക്കുകള്‍പ്രകാരം 87.28 ലക്ഷം പേരിലാണ് വൈറസ് റിപോര്‍ട്ട് ചെയ്തത്. പുതുതായി 45,000 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതുവരെ 1,28,668 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 547 മരണം ഒരുദിവസത്തെയാണ്. 4,84,547 പേര്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ 81,15,580 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഡല്‍ഹിക്ക് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനമേറുകയാണ്.