Saturday, January 4, 2025
National

നെഹ്റു നശിപ്പിച്ച ജമ്മു കശ്‌മീരിനെ നേരെയാക്കിയത് മോദി; അമിത് ഷാ

ജമ്മു കശ്‌മീരിൽ ജവഹർലാൽ നെഹ്റു ചെയ്ത പിഴവ് ശരിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു കൊണ്ടുവന്ന ഭരണഘടനാ അനുഛേദം 370 ഉള്ളതിനാൽ കശ്‌മീർ ആകെ നശിച്ചിരിക്കുകയായിരുന്നു. അത് എടുത്തുകളഞ്ഞ പ്രധാനമന്ത്രി കശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർത്തു എന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

“ഭരണഘടനാ അനുഛേദം 370 കൊണ്ടുവന്ന ജവഹർലാൽ നെഹ്റുവിൻ്റെ പിഴവ് കാരണം കശ്‌മീർ ആകെ നശിച്ചിരിക്കുകയായിരുന്നു. കശ്‌മീരിനെ വേണ്ട വിധം രാജ്യത്തോട് ചേർക്കാൻ കഴിയുന്നില്ലായിരുന്നു. അത് നീക്കാൻ എല്ലാവരും ആഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അത് എടുത്തുകളയുകയും കശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർക്കുകയും ചെയ്തു.”- ഷാ പറഞ്ഞു.

1954ൽ ജവഹർ ലാൽ നെഹ്‌റു ഭരണകാലത്താണ് ഭരണഘടനയുടെ 35ാം അനുഛേദം എ പ്രകാരം കശ്മീരിന് പ്രത്യേകപദവി നൽകിയത്. നെഹ്‌റു മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് 35എ എന്ന വകുപ്പ് ഭരണഘടനയിൽ ചേർക്കാൻ ഉത്തരവിടുകയായിരുന്നു. ഭരണഘടന അനുഛേദം 370 പ്രകാരം പ്രസിഡൻഷ്യൽ ഓർഡറിലൂടെയാണ് 35എ ഉൾപെടുത്തിയത് എന്നതിനാൽ ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്തിരുന്നില്ല. 368 (i) പ്രകാരം പാർലമെന്റിന് മാത്രമേ ഭരണഘടനയിൽ ഭേദഗതി വരുത്താൻ സാധിക്കൂ എന്നുണ്ട്.

35 എ പ്രകാരം ജമ്മു കശ്മീർ സംസ്ഥാന സർക്കാരിന് തദ്ദേശവാസികൾ ആരാണെന്ന് നിർണ്ണയിക്കാനുള്ള സമ്പൂർണ്ണ അധികാരമുണ്ട്. സംസ്ഥാന പൊതുമേഖലയിലെ നിയമനം, സംസ്ഥാനത്തിനകത്തെ വസ്തുക്കൾ ഏറ്റെടുക്കൽ, സ്‌കോളർഷിപ്പുകൾ മറ്റ് ധനസഹായങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം ഭരണഘടനയിലെ ഈ വകുപ്പ് പ്രത്യേക സ്വാതന്ത്ര്യാനുമതി നൽകുന്നു. 35എയ്ക്ക് കീഴിൽ വരുന്ന സംസ്ഥാനസർക്കാരിന്റെ ഒരു പ്രവൃത്തിയേയും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമായി കണക്കാക്കി ചോദ്യം ചെയ്യരുതെന്നും അനുശാസിക്കുന്നുണ്ട്.

2019 ആഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. തുടർന്ന് പ്രദേശത്തെ ഇൻ്റർനെറ്റ്, വാർത്താവിനിമയ സംവിധാനങ്ങളൊക്കെ റദ്ദാക്കിയിരുന്നു. 163 ദിവസങ്ങൾക്കു ശേഷമാണ് ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *