നെഹ്റു ട്രോഫി വള്ളം കളിയിൽ അമിത് ഷാ പങ്കെടുക്കും; സൂചന നൽകി വി. മുരളീധരൻ
നെഹ്റു ട്രോഫി വള്ളം കളിയിൽ അമിത് ഷാ പങ്കെടുക്കുമെന്ന സൂചന നൽകി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കേന്ദ്രമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റേതായ എല്ലാ നിയമങ്ങളും പാലിച്ച് അമിത് ഷാ പരിപാടിയിൽ പങ്കെടുക്കും. കേസിന്റെ കാര്യത്തിൽ ഒരു വിട്ടുവിഴ്ചയും ഉണ്ടാകില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.
പാർട്ടി ഓഫീസിന് നേരെ ആക്രമണമുണ്ടായാൽ പ്രതികളെ സി.പി.ഐ.എം പ്രഖ്യാപിക്കുകയാണ്. നിരന്തരമായ ആക്രമണങ്ങൾ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. പൊലീസിന് നിക്ഷപക്ഷമായ അന്വേഷണം നടത്താനുള്ള അവസരം സർക്കാർ നൽകുന്നില്ലെന്നാണ് വാസ്തവം. എ കെ ജി സെന്റർ ആക്രമണം ആവിയായിപ്പോയോ?.
കേരളത്തിൽ തുടരെ തുടരെ ആക്രമണം ഉണ്ടാകുന്നു. ഇത് എന്തിനാണ് ആരുടെ എങ്കിലും തലയിൽ കെട്ടിവയ്ക്കുന്നത്. ആഭ്യന്തര വകുപ്പ് പരാജയം ആണ്. സ്വന്തം പരാജയം മറയ്ക്കാൻ ആണ് മറ്റുള്ളവരെ പഴിചാരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുകയാണ്.
അതിന് തെളിവാണ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തത്. അച്യുതാനന്ദന്റെ കാലത്ത് പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് പോലും അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സിപിഐഎമ്മും കോൺഗ്രസും തീവ്രവാദ സംഘടനയെ വെള്ളപൂശുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.