മധ്യപ്രദേശിലേത് 50 % കമ്മീഷൻ വാങ്ങുന്ന സർക്കാരാണെന്ന ആരോപണം; കേസെടുത്ത് പൊലീസ്
മധ്യപ്രദേശിലേത് 50 % കമ്മീഷൻ വാങ്ങുന്ന സർക്കാരാണെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി കമൽ നാഥ്, മുൻ കേന്ദ്ര മന്ത്രി അരുൺ യാദവ് എന്നിവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയാണ് കേസെടുത്തത്. പോലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു.
മധ്യപ്രദേശ് സർക്കാരിനെതിരെ സമൂഹമാധ്യമ പോസ്റ്റിലൂടെ ഉയർത്തിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇൻഡോർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ബി ജെ പി നൽകിയ പരാതിയിലാണ് നടപടി. വഞ്ചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.എല്ലാ പദ്ധതികളിലും 50 % കമ്മീഷൻ വാങ്ങിയ ശേഷമാണ് ബി ജെ പി സർക്കാർ നടപ്പാക്കുന്നതെന്നായിരുന്നു ആരോപണം.മധ്യപ്രദേശിലെ സർക്കാർ അഴിമതിക്കാരാണെന്നും ഇത്തരം നടപടികളിൽ കോൺഗ്രസ് ഭയപ്പെടുകയില്ലെന്നും അകഇഇ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
50% കമ്മീഷൻ നൽകിയിട്ടുണ്ടെന്ന് കോൺട്രാക്ടർമാർ വെളിപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ എന്ത് തെളിവ് വേണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചോദിച്ചു. അതേസമയം അഴിമതിയിൽ മുങ്ങിയ ആളുകളെ ആര് വിശ്വസിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി നൽകി.
നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ’40 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന പ്രചാരണമാണ് ബിജെപിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച ആയുധം.