രാജസ്ഥാനിൽ യുവാവിന് ക്രൂര മർദ്ദനം, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു
കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കകളും ഗ്രാമവാസികളും ചേർന്ന് യുവാവിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം. അതേസമയം ആക്രമണ വീഡിയോ വൈറലായതോടെ പൊലീസ് നടപടിയെടുത്തെങ്കിലും ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല.
സഞ്ചോറിലെ നെഹ്‌റു കോളനിയിൽ താമസിക്കുന്ന ഒരു യുവാവ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ കാണാൻ ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തിൽ എത്തിയ യുവാവിനെ വീട്ടുകാരും അയൽക്കാരും ചേർന്ന് പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ആളുകൾ യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു.
വടികൊണ്ടുള്ള ക്രൂര മർദ്ദനത്തെ തുടർന്ന് യുവാവ് അബോധാവസ്ഥയിലായി. വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. യുവാവിനെ വിട്ടയക്കണമെന്ന് ബന്ധുക്കൾ നാട്ടുകാരോട് അപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരാൾ സംഭവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.