അക്രമസംഭവങ്ങളില്‍ ഇടപ്പെട്ടില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് കല്‍ക്കട്ട ഹൈക്കോടതി
പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് കല്‍ക്കട്ട ഹൈക്കോടതി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ അന്തിമ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് കോടതി അറിയിച്ചു.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മൂന്നു ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് കൃത്യമായി കോടതി നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്രമസംഭവങ്ങളില്‍ ഇടപെടാതിരുന്നതെന്ന് കോടതി ചോദിച്ചു.
ജനങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഇത് വളരെ ഗൗരവകരമായി കാണേണ്ട വിഷയമാണെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ തുടരുകയാണ്. തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഈ മാസം 19ന് കോടതി വീണ്ടും പരിഗണിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്‍ അക്രമത്തിലാണു കലാശിച്ചത്. പ്രചാരണസമയത്ത് 18 പേരും വോട്ടിങ് ദിനം 19 പേരും കൊല്ലപ്പെട്ടു. വോട്ടെണ്ണല്‍ ദിവസവും വ്യാപക അക്രമമാണ് അരങ്ങേറിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്.