കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും; ക്രൈംബ്രാഞ്ചിൽ നിന്ന് വിവരങ്ങൾ തേടും
കെ സുധാകരനെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും.
ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് ശേഖരിക്കുക.
അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസിൽ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ കൂടി പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.