ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി
ബംഗ്ലൂരു : കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ്
എച്ച് ഡി കുമാരസ്വാമി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പാണ് മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം. ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. ആരും ഇതുവരെ താനുമായി ബന്ധപ്പെട്ടില്ലെന്നും ബിജെപിയും കോൺഗ്രസും ബന്ധപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ കുമാര സ്വാമി വ്യക്തമാക്കി. സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയത്. ഏഴ് മണിയോടെ അദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദർശിക്കുന്നതിനായി വസതിയിലേക്ക് പോയി.