ലീഡ് നില മാറിമറിയുന്നു; ജെഡിഎസ് പിന്തുണ തേടുന്നതിൽ കോൺഗ്രസിന് മനംമാറ്റം
ബെംഗലൂരു: കർണാടകയിൽ ലീഡ് നില മാറി മറിഞ്ഞതോടെ സംസ്ഥാനത്ത് ഭരണം പിടിക്കാൻ ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്ന് കോൺഗ്രസ്. സംഖ്യ നോക്കി ഒരു മണിക്കൂറിനുള്ളിൽ ജെഡിഎസിനെ ഒപ്പം നിർത്തുന്ന കാര്യത്തിൽ നീക്കം നടത്തും. എങ്കിലും ഭൂരിപക്ഷം ഉണ്ടെങ്കിൽ സ്വതന്ത്രരുടെ പിന്തുണയോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാമെന്ന് കോൺഗ്രസ് ക്യാംപ് പ്രതീക്ഷിക്കുന്നു. മൂന്ന് – നാല് റൗണ്ടുകൾ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ, ഒരു മണിക്കൂർ കൂടി കാത്തിരിക്കൂവെന്നും നേതാക്കൾ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചിട്ടുണ്ട്. ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും സംസ്ഥാനത്ത് കോൺഗ്രസ് നേടിയത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത് ജോഡോ യാത്രയും തമ്മിലായിരുന്നു. ഭാരത് ജോഡോ യാത്ര വിജയിച്ചു. മിസ്റ്റർ മോദിയുടെ വിഭജന രാഷ്ട്രീയം പരാജയപ്പെട്ടു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുകയാണ്. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കർണാടകയിലെ നേട്ടമെന്നും പവൻ ഖേര പ്രതികരിച്ചു.