മുകുൾ വാസ്‌നിക്കിന്റെ പേര് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ച് ജി 23 നേതാക്കൾ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിന്റെ പേര് നിർദേശിച്ച് ജി 23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തക സമിതി ചേരാനിരിക്കെയാണ് ജി 23 നേതാക്കൾ ഈ നിർദേശവുമായി രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്നിക്. എൻഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലെ പരാജയം ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ജി 23 നേതാക്കൾ പുതിയ അധ്യക്ഷന്റെ പേര് നിർദേശിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും ജി23 നേതാക്കൾ ആവശ്യപ്പെടുന്നു
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരാമെന്നാണ് ഗാന്ധി കുടുംബം മുന്നോട്ടുവെച്ച ഫോർമുല. നേതൃസ്ഥാനത്ത് ഇല്ലെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ തങ്ങളുടെ വിധേയനിൽ തന്നെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് നോക്കുന്നത്. എന്നാൽ ഈ ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജി23 നേതാക്കൾ.