കോൺഗ്രസ് യോഗത്തിൽ തുറന്നടിച്ച് സോണിയ; പറയാനുള്ളത് മാധ്യമങ്ങൾ വഴിയല്ല: നേരിട്ട് പറയണം
ഡൽഹി എ.ഐ.സി.സി ഓഫീസിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമതി യോഗത്തിൽ വിമർശകർക്കെതിരെ സോണിയാ ഗാന്ധി തുറന്നടിച്ചു. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും വേണമെന്നും നിലവിൽ താൻ കോൺഗ്രസിന്റെ മുഴുവൻ സമയ അധ്യക്ഷയാണെന്നും അവർ പറഞ്ഞു. ഈ പാർട്ടിക്ക് ഒരു അധ്യക്ഷയുണ്ടോയെന്ന രൂക്ഷവിമർശനം കപിൽ സിബൽ കഴിഞ്ഞദിവസം ഉന്നയിച്ചരുന്നു. ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടിയായാണ് സോണിയ തുറന്നടിച്ചത്.
തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം. തന്നോട് എല്ലാം തുറന്ന് പറയുന്ന രീതിയെ താൻ ഇഷ്ടപ്പെടുന്നുവെന്നും മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. പാർട്ടിയിൽ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയ ജി-23 നേതാക്കൾക്കളെ പേരെടുത്ത് പറയാതെയാണ് സോണിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് നേതാക്കൾ എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിലായിരുന്നു സോണിയ അതൃപ്തി പ്രകടിപ്പിച്ചത്. പാർട്ടിയിൽ വിമത സ്വരം ഉയർന്നുന്ന ജി23 നേതാക്കൾക്ക് ഉടൻ സ്ഥിരം അധ്യക്ഷ വേണമെന്ന നിലപാടുള്ളത്. ഈ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ മറുപടി.
കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വർഷം നവംബർ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടൻ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രവർത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിർണായകമാകും.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലഖിംപുരിലെ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുമാണ് പ്രവർത്തക സമിതിയിലെ പ്രധാന ചർച്ച. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കൾ, പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ, സ്ഥിരം പാർട്ടി അധ്യക്ഷൻ തുടങ്ങി ഇന്നത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങൾ നിരവധിയാണ്.