രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും BSPക്കും ക്ഷണം; അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി VHP
അയോധ്യ രാമ ക്ഷേത്രപ്രതിഷ്ഠ ചടങ്ങിന് സമാജ് വാദി പാർട്ടിക്കും ബിഎസ്പി ക്കും ക്ഷണം. അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി വിഎച്ച്പി. രാമന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളെ ബിജെപി അപമാനിക്കുകയാണെന്ന് ആരോപിച്ചതിനു പിന്നാലെയാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പ്രാണപ്രതിഷ്ഠാ ചടങ്ങിയിലേക്കുള്ള ക്ഷണം ലഭിച്ചത്.
ഉത്തർപ്രദേശ് ബിജെപിയുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് ചടങ്ങിലേക്കുള്ള ക്ഷണം സമാജ് വാദി പാർട്ടി അധ്യക്ഷന് നൽകിയത്. കർസേവകർക്കെതിരെ വെടിവെച്ച സമാജിവാദി പാർട്ടിയെ ക്ഷണിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു യുപി ബിജെപിയുടേത്. ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടില്ല.
ബിഎസ്പി അധ്യക്ഷ മായാവധിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം നൽകി. അതേസമയം തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ആയുധമാണ് അയോധ്യ എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. രാമക്ഷേത്രം നിർമിക്കുമെന്നത് മോദിയുടെ വാഗ്ദാനമാണെന്നും അത് നടപ്പാക്കിയെന്നും വി മുരളീധരൻ 24 നോട് പ്രതികരിച്ചു. പ്രതിഷ്ഠ ചടങ്ങിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചടങ്ങിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിമർശനങ്ങളും സജീവമായി നിൽക്കുന്നു.